When the Woods Bloom

kaadu.JPG

വ്യക്തമായ രാഷ്ട്രീയമുള്ള ഭരണഘൂട ഭീകരതയ്‌ക്കെതിരെ ചോദ്യശരങ്ങൾ എറിയുന്ന സിനിമകൾ മലയാളത്തിൽ അപൂർവമാണ്. ഒരു തരത്തിലുള്ള അന്ധമായ രാഷ്ട്രീയം അല്ലെങ്കിൽ പാതി വെന്ത അതുമല്ലെങ്കിൽ അരാഷ്ട്രീയ സിനിമകളിൽ അഭിരമിക്കുന്ന മുഖ്യധാരാ മലയാള സിനിമാ മേഖലയിൽ “കാട് പൂക്കുന്ന നേരം” പോലെയുള്ള സൃഷ്ടികൾ വരുന്നുവെന്നത് സന്തോഷകരമാണ്. കലാപകാരികൾ,ജനാധിപത്യ വിരോധികൾ,ഒരു ഉട്ടോപ്പ്യൻ സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർ എന്നൊക്കെ പേരിട്ടു വിളിക്കുന്നവരുടെ അധികമാരും പറയാത്ത കഥകളാണ് ഡോക്ടർ ബിജു പറഞ്ഞു വെക്കുന്നത്.

ഭൂമിയുടെ അവകാശികൾ നിങ്ങളല്ല സാങ്കല്പികമായ ഒരു രാജ്യമാണെന്നും,ഞങ്ങൾക്ക് തോന്നുമ്പോൾ നിങ്ങളെയും നിങ്ങളുടെ ഭൂമിയെയും സംസ്കാരത്തെയും കച്ചവടമാക്കുമെന്നും  മുകളിൽ പറഞ്ഞ സങ്കൽപ്പത്തിന്റെ പങ്കാളികളും സംരക്ഷകരും പറയുമ്പോൾ പ്രതികരണം ഏതു രീതിയിലായിരിക്കണം?

ആദിവാസികളിൽ നിന്നും രാഷ്ട്രത്തിലേക്കുള്ള ദൂരമാണ് മാവോയിസവും നക്സലിസവും ബാക്കി യിസങ്ങളും.

അക്രമണമല്ല പ്രതിരോധം,ചർച്ചകളാണ്. അതിനുള്ള പാലം പണിയേണ്ടത് സർക്കാരുകളാണ്. ആ പാലം സഹവർത്തിത്വത്തിന്റേതാകട്ടെ …

“This is not the Naxal movement I knew of. In a story of oppressor versus oppressed, we tend to look for a Robin Hood, the hero. In independent India’s story, media has tried to make Naxals look like Robin Hood. Which is why incidents like the Niyamat and Valsa murders are rarely reported in detail and if reported, they always put the blame on the State.”
― Vivek Agnihotri, Urban Naxals: The Making of Buddha in a Traffic Jam

Walking with Comrades

wcom

കഥകൾ വായിച്ചപ്പോൾ കണ്ണുനീർ വന്നതായി ഓർമയില്ല, എന്നാൽ യാഥാർഥ്യം വായിച്ചപ്പോൾ പുസ്തകം മടക്കി വെച്ച് നിശബദമായി കുറച്ചു നേരം ഇരുന്നിട്ടുണ്ട്. ഇങ്ങനെയും ജീവിതങ്ങളുണ്ടോ എന്നത്ഭുദപ്പെട്ടിട്ടുണ്ട്. മാറ്റി നിർത്തപ്പെട്ടവരുടെയും മാറ്റിപ്പാർപ്പിക്കപ്പെട്ടവരുടെയും കഥകൾ സ്വപ്നങ്ങളിൽ വേട്ടയാടിയിട്ടുണ്ട്.

“Truth is stranger than fiction”എന്നതിനെ അടിവരയിടുന്നതാണ് ഈ പുസ്തകം. ഒരു വേള സഖാക്കൾക്കൊപ്പം നടക്കുന്നത് ഞാൻ തന്നെയല്ലേ എന്ന് തോന്നിപ്പോയിട്ടുണ്ട്. വയനാട്ടിൽ ജലീൽ എന്ന മാവോയിസ്റ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വാർത്തയാണ് ഒരായ്ച്ച കൊണ്ട് ഇത് വായിക്കാൻ പ്രചോദനം ആയത്. ഇന്ത്യൻ ദേശീയതയും ഇന്ത്യ എന്ന രാജ്യവും കെട്ടുകഥകൾ മാത്രമായ ഒരു കൂട്ടർക്കെതിരെ യുദ്ധം ചെയ്യുന്നത് അനീതിയാണെന്ന് പറഞ്ഞാൽ ഒരു അർബൻ നക്സലൈറ്റ് ആയി മുദ്രകുത്തപ്പെടുമോ എന്ന പേടിയിൽ ഞാൻ അത് പറയാതിരിക്കുന്നില്ല.

Jaan denge par jameen nahin denge(We will give away our lives,but never our land)

Gujarat Files

gujrat

ഓരോ സംഭവത്തിനും പിന്നിൽ ഒരുപാട് കഥകളുണ്ടാവും,ഇരയുടെയും വേട്ടക്കാരന്റെയും കാഴ്ചക്കാരന്റെയും കണ്ണുകളിലൂടെ നോക്കുമ്പോൾ നീതിദേവതയ്ക്ക് പല രൂപങ്ങളാണ്. ഗുജറാത്തിലെ ഹിന്ദു മുസ്ലിം കലാപത്തിന്റെ അണിയറ കഥകൾ റാണ അയ്യൂബ് എന്ന മാധ്യമ പ്രവർത്തക തെഹെൽക്ക എന്ന മാധ്യമ സ്ഥാപനത്തിന് വേണ്ടി റിപ്പോർട്ട് ചെയ്തിരുന്നത് പുസ്തക രൂപത്തിൽ റാണ തന്നെ എഴുതിയതാണ് ഗുജറാത്ത് ഫയൽസ്.

രാജാവ് മാത്രമല്ല രാജാവിന്റെ തേരാളിയും രാജ്യത്തിൻറെ സേവകന്മാരും വർഗീയ വാദികളാണെന്നുള്ള തിരിച്ചറിവ് മാത്രമല്ല,രാജാവെങ്ങനെ സിംഹാസനം ഊട്ടിയുറപ്പിച്ചു എന്ന് കൂടി നമുക്ക് ഈ പുസ്തകത്തിൽ വായിക്കാം. ഗുജറാത്ത് കലാപം ഒരുപാട് വ്യക്തികളുടെ നിരുത്തരവാദിത്വത്തിന്റെയും അധൈര്യത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെ പരാജയത്തിന്റെയും ഫലമാണെന്ന് നമുക്ക് ഇതിലൂടെ മനസിലാക്കാം. അതിലെല്ലാം ഉപരി 2002ലെ കലാപത്തിന്റെ കഥകൾ 2014നു മുൻപേ പുറത്തു വന്നിട്ടും മോഡിയെങ്ങനെ അധികാരത്തിൽ എത്തി എന്നുള്ളതിന്റെ ഉത്തരമായിരിക്കണം ഈ രാജ്യത്തെ ഇനി നയിക്കേണ്ടത്.

The struggle of man against power is the struggle  of memory against forgetting

—Milan Kundera

Homo Deus: A Brief History of tomorrow

yuvan.JPG

പണ്ടൊരു നേപ്പാൾ യാത്രയിലാണ്, യുവാൾ ഹരാരി എഴുതി 2011ൽ ഹീബ്രുവിൽ പ്രസിദ്ധീകൃതമായ പുസ്തകമായ സാപ്പിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈന്റ് വായിച്ചത്. മനുഷ്യ വംശത്തിന്റെ ആദികാലം മുതൽ ഈ നൂറ്റാണ്ടു വരെയുള്ള യാത്ര,ഒരുപാട് കഥകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പറയുന്ന ഈ പുസ്തകം ചിന്തകളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

ആ പുസ്തകത്തിന്റെ രണ്ടാമത്തെ ഭാഗമായ Homo Deus: A Brief History of tomorrow വായിക്കാൻ ഒരുപാട് ആകാംഷയുണ്ടായിരുന്നു. മനുഷ്യ വംശത്തിന്റെ നാളെയുടെ കഥ നൂതന സാങ്കേതിക വിദ്യയുടെയുടെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും അടിസ്ഥാനത്തിൽ പറയുകയാണ് ഈ പുസ്തകം.

അവസാന അധ്യായത്തിൽ വായനക്കാരന് ചിന്തിക്കാൻ കുറച്ചധികം ചോദ്യങ്ങൾ ഇട്ടു തന്നിട്ടാണ് പുസ്തകം പര്യവസാനിക്കുന്നത്.

“What will happen to society, politics and daily life when non-conscious but highly intelligent algorithms know us better than we know ourselves?”

മഹാശിവരാത്രി

komarelly.jpg

മഹാശിവരാത്രി ദിവസം മലമുകളിലുള്ള ഒരു ക്ഷേത്രത്തിന്റെ ഏറ്റവും മുകളിലുള്ളതിന്റെ തൊട്ടു താഴെയുള്ള പാറക്കെട്ടിലിരുന്ന് ഉറുമ്പു കൂട്ടം പോലെ പോവുന്ന വിശ്വാസികളെ നോക്കി കുറച്ചു സമയമിരുന്നു.

ശിവ ഭക്തിയുടെ പല രൂപങ്ങളും ഭാവങ്ങളും അത്ഭുദപ്പെടുത്തി. ജനസാഗരത്തിൽ അലിഞ്ഞില്ലാതായി,ആയിരങ്ങളിലൊരാളായി,ചുറ്റുമുള്ള കച്ചവടക്കാരെയും തെരുവിന്റെ സന്തതികളെയും അവർ ചെയ്യുന്ന കാര്യങ്ങളെയും ഒരു കുഞ്ഞു കുട്ടിയെന്ന പോലെ ഇമ വെട്ടാതെ നോക്കിയിരുന്നു. ശിവ  ഭക്തി ഗാനങ്ങൾ പാടി,ബാന്റ് കൊട്ടി  നൃത്തം ചെയ്യുന്നവരിൽ മനസ്സ് കൊണ്ടും ഒരു പരിധി വരെ ശരീരം കൊണ്ടും പങ്കു ചേർന്നു. ഇതിന്റെയൊക്കെ അർത്ഥമെന്താണെന്ന ചോദ്യം വഴിലെവിടെയോ കളഞ്ഞു പോയിരുന്നു.

അല്ലെങ്കിലും പങ്കു ചേരുന്നതും നോക്കിക്കാണുന്നതും ആൾക്കൂട്ടത്തിന്റെ കൺവെട്ടും കഥകളുടെ ചരിത്രം നോക്കിയല്ലല്ലോ.

Komuravelli Mallikarjuna Swamy Temple popularly known as Komuravelli Mallanna Temple is a Hindu temple located on a hill in Komuravelli village of Siddipet district in Telangana state.

ഭൂമിയുടെ ആത്മാവ്

story

ഭാരതീയനഭിമാനിക്കാൻ ഏറെയുണ്ടെന്ന് എണ്ണിപ്പറയുന്നതിലൊന്നും വലിയ കാര്യമില്ലെന്നു തോന്നിയിട്ടുണ്ട്. ചരിത്രം,ചാര നിറം ചേർത്ത് നിറം പിടിപ്പിച്ച ഒരുപാട് കഥകൾ. ചിലർ  കഥകളെ ഹൃദയത്തോട് ചേർക്കുന്നു,മറ്റു ചിലരതിനെ ചോദ്യം ചെയ്യുന്നു,വേറെ ചിലരതിനെ കച്ചവടം ചെയ്യുന്നു,ഇതിലൊന്നും പെടാത്ത ചിലർ കഥകളുടെ പേരിൽ യുദ്ധം ചെയ്യുന്നു,അതിൽ പലരും പങ്കു ചേരുന്നു. ഇതൊരു സാർവ്വ ലൗകിക യാഥാർഥ്യമാണ്. ലോകത്തെവിടെ പോയാലും ഇതൊക്കെ കാണാനും അനുഭവിക്കാനും സാധിക്കും. ഒരു വേള ഇതിൻ്റെയൊക്കെ ഭാഗമാകാന്‍  നമുക്ക് തോന്നിയിലല്ലെങ്കിലാണത്ഭുതം.

കഥകളെ ചോദ്യം ചെയ്യുന്നവരിലാണ് എൻ്റെ സ്ഥാനമെന്ന് മനസ്സും അനുഭവങ്ങളും പറയുന്നു. ചുറ്റുപാടും നടക്കുന്നതിന്റെ  അടിസ്ഥാനം,ലോജിക്,വിശ്വസനീയത എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ വരാറുണ്ട്. ഉത്തരങ്ങൾ തേടി പുതിയ ചോദ്യങ്ങളിലേക്കെത്തിച്ചേരുന്ന യാത്രകൾ,ആഴങ്ങളിലേക്ക് നൂഴ്ന്നു പോവുന്ന മീനുകളെപ്പോലെയാണെന്ന് മനസ്സ്  പറയുന്നു. എത്ര ആഴത്തിലേക്ക് പോയാലും അടിത്തട്ടിലേക്ക് ദൂരമിനിയും ഏറെ ബാക്കിയാണ്.

ഓരോ അനുഭവങ്ങളും ഒരുപാട് പുതു വഴികൾ തുറന്നു തരുന്നു. ആ വഴികളിലൂടെ ഇനിയുമൊരുപാട് പോണം. ഭൂമിയുടെ ആത്മാവിനെ പ്രണയിക്കണം,നിലാവുള്ള രാത്രികളിൽ അവളെ ചുംബിക്കണം. വീണ്ടുമൊരു രാത്രി അവളെ സ്വപ്നം കാണണം.

 

“We travel, initially, to lose ourselves; and we travel, next to find ourselves. We travel to open our hearts and eyes and learn more about the world than our newspapers will accommodate. We travel to bring what little we can, in our ignorance and knowledge, to those parts of the globe whose riches are differently dispersed. And we travel, in essence, to become young fools again- to slow time down and get taken in, and fall in love once more.”― Pico Iyer

 

 

എൻ്റെ ഉമ്മാൻ്റെ പേര്

ente umma.JPG
ഒരവധി ദിവസം,മടി പിടിച്ചിരിക്കുമ്പോൾ കാണാൻ പറ്റിയ ഒരു ഫീൽ ഗുഡ് സിനിമയാണ് എൻ്റെ ഉമ്മാൻ്റെ പേര്. സിനിമയിലെവിടെയൊക്കയോ മലബാറിലെ മുസ്ലിം ജീവിതം അടയാളപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
ഹൈദർ എന്നൊരു കഥാപാത്രമുണ്ട് സിനിമയിൽ,ഒരിക്കലും വാക്ക് കൊണ്ടോ സാന്നിധ്യം കൊണ്ടോ സിനിമയിലില്ലാത്ത അയാളുടെ, മകന്റെ കഥയാണ് ഈ സിനിമ. ഹൈദറിന്റെ മരണത്തോടെയാണ് തുടങ്ങുന്നതെങ്കിലും സിനിമയെ മുന്നോട്ടു നയിക്കുന്നത് അയാളാണെന്നു പറയാം.
എന്തൊരു ജീവിതമായിരുന്നു അയാളുടേത്? ഒരു അസ്സൽ നൊമാട് തന്നെ. സിനിമയിലെ മൂന്നു ഉമ്മമാരും മാതൃത്വത്തിന്റെയും പ്രണയത്തിന്റെയും മൂന്നു രൂപങ്ങളാണ് പറയുന്നത്. ഒരു നല്ല തിരക്കഥയുടെയുടെ പിൻബലം കൂടിയുണ്ടായിരുന്നെങ്കിൽ അടിപൊളി ഫീൽ തരാൻ പറ്റിയ സബ്ജെക്ട് ആയിരുന്നു.

Before Sunrise

before.JPG
സിനിമ എന്ന മാധ്യമം സംസാരിക്കുന്നത് പ്രേക്ഷകരിലൂടെയാണ്. കാഴ്ചക്കാരൻ കഥാപാത്രങ്ങളാവുന്നിടത്താണ് പലപ്പോഴും ആസ്വാദനം പൂർണമാകുന്നത്. ചിലർക്ക് ആ സങ്കൽപം അല്ലെങ്കിൽ താരതമ്യം ഒഴിച്ചുകൂടാത്തതാണ്.
സ്‌ക്രീനിൽ കാണുന്നത് ഞാൻ ആണെന്ന്,കഥാപത്രം സംസാരിക്കുന്നത് എന്നെപ്പോലെയാണെന്ന്,അയാളുടെ ചിന്തകൾ എൻ്റെതിനോട്  സമാനമാണെന്ന് തോന്നിയത് വിരലിലെണ്ണാവുന്ന സിനിമകൾ കണ്ടപ്പോഴാണ്.
അതിലൊന്നാണ് Before Sunrise .
ഈ സിനിമ മാജിക് ആണ്,ഒരു തരത്തിലുള്ള നൊമ്പരം സൃഷ്ടിക്കുന്നതാണ്,ഹൃദയത്തോട് അടുത്ത് നിൽക്കുന്നതാണ്. ഇനിയുമൊരായിരം തവണ കണ്ടാലും ആദ്യമായി കണ്ട അനുഭവം സൃഷ്ടിക്കുന്നതാണ്,പല സംഭാഷണങ്ങളും ഞാനും പലപ്പോഴും പറയുന്നതാണ്.
അതെ,ഇതൊരു അനുഭൂതിയാണ്,മാജിക് ആണ്. ഹൃദയത്തിൽ നിന്നും ചീന്തിയ ഒരേടാണ്.
“It’s like our time together is just ours. It’s our own creation. It must be like I’m in your dream and you’re in mine or something.” — Celine, Before Sunrise

ചിത്രത്തിനു പിന്നിൽ

 

abhi

ഓരോ ഫോട്ടോയ്ക്കും ഓരോ കഥ പറയാൻ ഉണ്ടാകും. ആ കഥ ഫോട്ടോ ക്ലിക്ക് ചെയ്ത നിമിഷത്തിനു മുൻപോ ശേഷമോ നടന്ന കഥയായിരിക്കാം,അല്ലെങ്കിൽ ഒരു കഥയുടെ ആരംഭമോ അവസാനമോ ആവാം. ഒരു കഥയുടെ നമുക്കറിയാത്ത ഒരു കുഞ്ഞു ഭാഗമാകാം.സത്യത്തിൽ ഫോട്ടോകളുടെ കഥ തേടിപ്പോവുന്നത് ചില സമയത്തൊക്കെ തോന്നുന്ന ഒരു വട്ടാണ്.
വിട പറയുന്ന നിമിഷത്തിന്റെ നിശബദമായ രേഖപ്പെടുത്തലാണ് ഈ ചിത്രം. ആ ഗേറ്റിന്റെ പിന്നിൽ , സഹോദരനായും അധ്യാപകനായും കൂട്ടുകാരനായും തങ്ങളുടെ കൂടെ കുറച്ചു കാലം ജീവിച്ച ആളോട് വിട പറയുന്ന ആ കുട്ടികളും കല ചക്രം മാറുന്നതിനനുസരിച്ചു ചലിച്ചു കൊണ്ടിരിക്കേണ്ടവരാണ് എന്ന തിരിച്ചറിവാണ് ഈ ചിത്രം പറയുന്ന കഥയുടെ വേറൊരു വശം.

വരൂ,നമുക്ക് ഫോട്ടോകൾക്ക് കഥകൾ ചാർത്തിക്കൊടുക്കാം.

ഒന്നാം സാക്ഷി-സേതുരാമയ്യർ

cbi

അപ്രതീക്ഷിതമായി നമ്മളിലേക്ക് വന്നു ചേരുന്ന ചില പുസ്തകങ്ങളും സിനിമകളും ഉണ്ട്. അങ്ങനെയുള്ള ഒന്നാണ് “ഒന്നാം സാക്ഷി-സേതുരാമയ്യർ”
ഫേസ്ബുക്കിലെ വായനക്കാരുടെ ഒരു കൂട്ടായ്മയിൽ കണ്ട ഒരു പോസ്റ്റ്,അതെഴുതിയ ആളോട് ചോദിച്ചു വാങ്ങിയ പുസ്തകം,അത് ഏറെ ആഗ്രഹിച്ചു വാങ്ങിയ കിൻഡിൽ റീഡറിൽ കോഴിക്കോട് മുതൽ ചെന്നൈ വരെയുള്ള ട്രെയിൻ യാത്രയിൽ വായിച്ചു തീർത്തു.
സേതുരാമയ്യർ എന്ന എസ് എൻ സ്വാമി കഥാപാത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതപ്പെട്ട നോവലാണത്. ഒരു പക്ഷേ മലയാളത്തിൽ ഒരു സിനിമ കഥാപാത്രം കേന്ദ്ര കഥാപാത്രമായി വരുന്ന ആദ്യ നോവലാകാം ഇത്. എന്നും നോവലുകൾ സിനിമയാക്കുകയാണ് ചെയ്തിട്ടുള്ളത്,എഴുത്തുകാരനെ പ്രചോദിപ്പിക്കുന്ന സിനിമകൾ ഇല്ലാത്തതു കൊണ്ടോ അല്ലെങ്കിൽ സിനിമ അവസാനിച്ചിടത്തു നിന്നും പറയാൻ അധികം കഥകൾ ഇല്ലാത്തതു കൊണ്ടോ ആയിരിക്കാം അങ്ങനെ.
എന്തായാലും സി ബി ഐ സീരീസിലെ ചില സിനിമകളേക്കാൾ നല്ലൊരു ശ്രമമായി തോന്നി ഈ നോവൽ.

“The criminal is the creative artist; the detective only the critic.”
― G.K. Chesterton